Sunday, August 15, 2010

ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ച് വെക്കാന്‍

ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ച് വെക്കാന്‍ ഒരു ബാലോത്സവം...

കൊടും ചൂടിലും അണമുറിയാത്ത ആവേശത്തോടെ ബാല പ്രതിഭകള്‍ മാറ്റുരയ്ക്കാന്‍ അണിനിരന്നപ്പോള്‍ ദോഹയിലെ അല്‍ അറബ്‌ ഇന്റോര്‍ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ മലര്‍വാടിയായി മാറി. ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒഴുകിയെത്തിയ നൂറുക്കണക്കിന് കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മലര്‍വാടി ബാലസംഘം ഖത്തര്‍ ഘടകം സംഘടിപ്പിച്ച 'മലര്‍വാടി ബാലോത്സവം 2010' ശ്രദ്ധേയമായി.

തോരണങ്ങളും വര്‍ണ്ണക്കടലാസുകളും കൊണ്ട് പൊലിമയുള്ള ആഘോഷാന്തരീക്ഷം കുരുന്ന് മനസ്സുകളെ ഉത്സാഹത്തിമര്‍പിലാറാടിച്ചു. കാലത്ത് കൃത്യം ഏഴുമണിയ്‌ക്ക് മലര്‍വാടി ബാല സംഘം യൂണിറ്റ് കൌണ്ടറുകള്‍ സജീവമായിരുന്നു.മുന്‍ കൂട്ടി റജിസ്റ്റര്‍ ചെയ്യപ്പെട്ട കുരുന്ന്‌ പ്രതിഭകള്‍ തങ്ങളുടെ ചെസ്റ്റ് നമ്പറുകള്‍ അതത് കൌണ്ടറുകളില്‍ നിന്നും കരസ്ഥമാക്കി മാര്‍ച്ച്പാസ്റ്റിന്‌ തയാറെടുത്തപ്പോള്‍ സ്റ്റേഡിയവും പരിസരവും ആഘോഷ ലഹരിയില്‍ നിറഞ്ഞു നിന്നു. മിസഈദ് - വക്‌റ മുതല്‍ അല്‍ഖോര്‍വരെയുളള യൂണിറ്റുകള്‍ പങ്കെടുത്ത മാര്‍ച്ച് പാസ്റ്റ് ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി.പി മുഹമ്മദ് ഇസ്മാഈല്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വൈവിധ്യമാര്‍ന്ന വേഷവിതാനങ്ങളില്‍ താളത്തിലും മേളത്തിലും ആടിയും പാടിയും പ്രതിഭകള്‍ അടിവെച്ച്‌ നീങ്ങിയപ്പോള്‍ ബാല സംഗമത്തിന്റെ ഉത്സവഛായയ്‌ക്ക് പകിട്ട് വര്‍ധിച്ചു.

കിഡ്‌സ്, സബ്‌ ജൂനിയര്‍ , ജൂനിയര്‍, സീനിയര്‍ എന്നീ വിഭാഗങ്ങളിലായി 30 ഇനങ്ങളില്‍ മത്സരിക്കാന്‍ ഖത്തറിലെ 18 മലര്‍വാടി യൂണിറ്റുകളെ പ്രതിനിധീകരിച്ചാണ് ആയിരത്തിലേറെ ബാല പ്രതിഭകള്‍ പങ്കെടുത്തത്.
മിസഈദില്‍ നിന്ന്‌ സാജിദ ഇസ്‌മാഈലിന്റെ നേതൃത്വത്തിലും വക്‌റയില്‍ നിന്ന്‌ സഹോദരന്‍ സക്കീറിന്റെ നേതൃത്വത്തിലുമാണ്‌ ബാല സംഘം ബാലോത്സവ കവാടത്തില്‍ എത്തിയത്

വിശാലമായ ഇന്‍േറാര്‍ സ്‌റ്റേഡിയത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ വേദികളിലായി വ്യത്യസ്ത വിഭാഗങ്ങള്‍ക്കായുളള മത്സരങ്ങള്‍ ആരംഭിച്ചു. സംഘാടകരുടെ മികച്ച ആസൂത്രണവും രക്ഷിതാക്കളുടെ സാന്നിധ്യവും മത്സരത്തിന്‌ മാറ്റ്കൂട്ടി. കുട്ടികള്‍ക്ക് ആവേശവും രക്ഷിതാക്കളില്‍ ആഹ്ളാദവും പകരുന്ന വിവിധതരം മത്സര ഇനങ്ങള്‍ മറക്കാനാകാത്ത അനുഭവമാക്കി മാറ്റാന്‍ മലര്‍വാടി ബാലോത്സവത്തിന്‌ സാധിച്ചു,

ബാലോത്സവത്തിലെ ജുമഅ നമസ്‌കാരവും അവിസ്‌മരണീയമായിരുന്നു.കുരുന്ന്‌ പ്രതിഭകളുടെ പ്രാതിനിധ്യം പരിഗണിച്ചുള്ള സഹോദരന്‍ കബീര്‍ ജമാലിന്റെ ഖുത്തുബ അവസരോചിതവും ഹൃദ്യവുമായിരുന്നു.

കളിയും കാര്യവും ചിരിയും ചിന്തയും എല്ലാം ജീവിതത്തിന്റെ ഭാഗങ്ങളാണ്‌.അഥവാ ഒരേസംസ്‌കാരത്തിന്റെ ചീന്തുകള്‍ .
ജീവിത വിശുദ്ധി പുലര്‍ത്തുന്നവന്‌ ഒരേ ഒരു മുഖം മാത്രം പള്ളിയിലായാലും പള്ളിക്കൂടത്തിലായാലും .

പ്രാര്‍ഥനയ്‌ക്ക് ശേഷം എല്ലാവരും അച്ചടക്കത്തോടെ നിരന്നിരുന്ന്‌ വളണ്ടിയര്‍മാര്‍ വിളമ്പിക്കൊടുത്ത ഭക്ഷണം കഴിച്ച് വീണ്ടും ഗോദയിലിറങ്ങി.

ഹരം പിടിപ്പിക്കുന്ന മത്സരങ്ങള്‍ അരങ്ങേറിയത്‌ ഉച്ചയ്‌ക്ക് ശേഷമായിരുന്നു.കമ്പ വലിയും കലമുടക്കലും ഏറെ ആവേശം പകര്‍ന്ന ഇനങ്ങളായിരുന്നു. മത്സരങ്ങളില്‍ നിന്ന്‌ പരാജയം സംഭവിക്കുമ്പോള്‍ കണ്ണീരണിയുന്ന കുഞ്ഞുങ്ങളും അവരെ ആശ്വസിപ്പിക്കുന്ന രക്ഷിതാക്കളും വിജയശ്രീലാളിതരായ മിടുക്കന്മാരും മിടുക്കികളും കണ്ണീരും പുന്ചിരിയും സമ്മിശ്രമായ മഹാ സുദിനം .ഓര്‍മ്മച്ചെപ്പില്‍ സൂക്ഷിച്ച് വെക്കാന്‍ ഒരു ബാലോത്സവം.

ഓരോ മത്സരവും വിജയികളെ പ്രഖ്യാപിക്കുന്നമുറയ്‌ക്ക്‌ വേദിയില്‍ വെച്ച് തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കാനുള്ള സംവിധാനങ്ങളും സംഘാടകര്‍ ഒരുക്കിയിരുന്നു. സഹോദരന്‍ ഇബ്രാഹീമും സഹകാരികളും തങ്ങളുടെ ഉത്തരവാദിത്വം വളരെ ഭംഗിയായി നര്‍വഹിച്ചു.

കസേര കളി, ആനക്ക് വാല് വരക്കല്‍, കുളം കര, സ്‌പൂണും നാരങ്ങയും, മെഴുകുതിരി കത്തിക്കല്‍, കലമുടക്കല്‍, മെഴകുതിരിയുമായി ഇഴയല്‍, ചാക്കിലോട്ടം, നടത്തം, പഞ്ചഗുസ്തി തുടങ്ങിയ ഇനങ്ങള്‍ കാണികളിലും ആവേശം സ്യഷ്ടിച്ചു. മത്സര ഇനങ്ങളുടെ ബാഹുല്യം പരിഗണിച്ച് ചില മത്സരങ്ങള്‍ മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ ഹാളില്‍ നടത്തിയിരുന്നു. നൂറിലേറെ പ്രതിഭകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മലയാള ഗാന മത്സരം രണ്ട് സ്റ്റേജുകളിലായാണ്‌ സംഘടിപ്പിക്കപ്പെട്ടത്. പ്രശസ്‌ത മാപ്പിള സംഗീതത്തറവാട്ടിലെ ഇസ്‌മാഈല്‍ ഗുല്‍മുഹമ്മദ് ബാവ,കവിയും എഴുത്തുകാരനുമായ സഗീര്‍ പണ്ടാരത്തില്‍ ,കലാസ്വാദകരുടെ പ്രിയപ്പെട്ട ഉണ്ണിക്കയും അടങ്ങുന്ന വിധികര്‍ത്താക്കളുടെ സാന്നിധ്യത്തില്‍ നടന്ന മത്സരത്തില്‍ ജൂനിയര്‍ വിഭാഗത്തിലെ തനിഷ അബ്‌ദുല്‍ ഗഫൂറിന്റെ ആലാപനം ഏറെ പ്രശംസിക്കപ്പെട്ടു.

കുരുന്ന്‌ പ്രതിഭകളുടെ നിറഞ്ഞ പങ്കളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായ ഇനമായിരുന്നു.ചിത്ര രചന. സൌദ ജബ്ബാര്‍ ,സൈനബ അബ്‌ദുല്‍ ജലീല്‍ ,നസീം ,അസ്‌കര്‍ അലി എന്നിവരുടെ നേതൃത്വത്തിലാണ്‌ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങള്‍ അരങ്ങേറിയത്.മത്സരക്കാഴ്ചകള്‍ക്കിടയില്‍ കുഞ്ഞു മനസ്സുകളെ കഥ പറഞ്ഞും കവിത പാടിയും ആഹ്‌ളാദ ചിത്തരാക്കാന്‍ സുഹൈല്‍ ചേന്ദമംഗല്ലൂരിന്‌ അനായാസം സാധിക്കുമെന്ന്‌ അവരുടെ വിടര്‍ന്ന കണ്ണുകളില്‍ നിന്ന്‌ വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു.

വക്റ യൂണിറ്റും ഓള്‍ഡ് എയര്പോര്‍ട്ട് യൂണിറ്റും യഥാക്രമം ജൂനിയര്‍ സീനിയര്‍ വിഭാഗത്തില്‍ ആവേശകരമായ കമ്പവലിയില്‍ വിജയം നേടി.
മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനം വിതരണം ചെയ്‌തുകൊണ്ട്‌ മത്സരത്തില്‍ വിജയം വരിക്കാത്തവരേയും സംതൃപ്‌തരാക്കാന്‍ സംഘാടകര്‍ക്ക് കഴിഞ്ഞു.

ആവശ്യാനുസാരം കുടിനീര്‍ ലഭ്യമാക്കിയ 'മറ്വയുടെ' സേവനവും,മുഹമ്മദ്‌ കുഞ്ഞിന്റെ നേതൃത്വത്തില്‍ ചിട്ടയോടും വെടിപ്പോടും കൂടെയുള്ള ഭക്ഷണ വിതരണവും ,ജാഫര്‍ സി എച് ന്റെ ഫസ്റ്റ് ഐഡ് സംവിധാനവും, ഷംസുദ്ധീന്റെ മേല്‍ നോട്ടത്തില്‍ ബലോത്സവത്തിന്‌ ആവശ്യമായ എല്ലാ സാമഗ്രികളും കൃത്യമായി ലഭ്യമാക്കിയ ഫെസിലിറ്റി സംവിധാനവും , അബ്‌ദുല്‍ അസീസ്‌ എം.കെയും ഫസീല്‍ അബ്‌ദുല്‍ ജലീലും ചേര്‍ന്ന് ബാലോത്സവത്തിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ സജീവമായിരുന്ന ഹെല്‍പ് ഡസ്‌കിന്റെ സേവനവും പ്രശംസാര്‍ഹമായിരുന്നു..

രക്ഷിതാക്കളെ കാണാതെ കാത്ത് നില്‍ക്കുന്നവരെ ആശ്വസിപ്പിക്കാനും മത്സരത്തിരക്കിനടയില്‍ കാക്കമാരേയും താത്തമാരേയും കാണാതെ കണ്ണുകലങ്ങി ചിണുങ്ങി ചിണുങ്ങി കരയുന്നവരെ മധുരം കൊടുത്തും ബലൂണ്‍ കൊടുത്തും സമാശ്വസിപ്പിക്കാനും സേവന സന്നദ്ധരായ പ്രവര്‍ത്തകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും ട്രോഫികളും മത്സരാനന്തരം അസോസിയേഷന്‍ നേതാക്കള്‍ വിതരണം ചെയ്തു. വക്റ യുണിറ്റ് ഇത്തവണയും ചാമ്പ്യന്‍ പദവി നിലനിര്‍ത്തി. രണ്ടും മൂന്നും സ്ഥാനങള്‍ യഥാക്രമം ഹിലാല്‍, സലാത്ത യുണിറ്റുകള്‍ കരസ്ഥമാക്കി, മാര്‍ച്ച് പാസ്‌റ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്‌ച വെച്ച ഐന്‍ ഖാലിദ് ,ഗറാഫ, ബിന്‍ ഉംറാന്‍, ഹിലാല്‍ വക്‌റ യൂണിറ്റുകള്‍ക്ക് പ്രത്യേക സമ്മാനവും നല്‍കപ്പെട്ടു.

സ്‌റ്റേജ് കട്രോളും അനൌണ്‍സ്‌മന്റും അഹമ്മദ് ശാഫിയും, ശബ്ദം ക്രമീകരിച്ചത് ജബ്ബാറും, അനര്‍ഘ നിമിഷങ്ങളെ ഒപ്പിയെടുത്തത് ജസീം ജബ്ബാറും ആയിരുന്നു.

മലര്‍വാടി ബാലോത്സവം 2010 ഒരു സംഭവമാക്കി മാറ്റുന്നതില്‍ താജ് ആലുവയുടെ സജീവ സാന്നിധ്യത്തിലുള്ള മീഡിയയുടെ പങ്ക് വളരെ വിലപ്പെട്ടതായിരുന്നു. ദോഹയുടെ ചരിത്രത്തില്‍ ഒരു പക്ഷെ ആദ്യമായി ബാല പ്രതിഭകള്‍ കൈകാര്യം ചെയ്‌ത പത്രസമ്മേളനം ബലോത്സവത്തിന്റെ തിളക്കമേറിയ വിജയത്തിന്‌ നിദാനമായ പ്രധാന ഘടകമായിട്ടാണ്‌ സംഘാടകര്‍ വിലയിരുത്തുന്നത്.

ബാലോത്സവത്തിന്റെ പകിട്ട് കൂട്ടാന്‍ കഠിനാധ്വാനം ചെയ്‌തവര്‍ ഏറെയുണ്ട്‌.സലീന അസീസ്‌,ഫൌസിയ ജൌഹര്‍ ,സല്‍മ റഷീദ് ,ഫര്‍സാന ഫിറോസ്, ലുക്മാന്‍, അബ്‌ദു റഹിമാന്‍ എച് ,സഫീറ ഖാസ്സിം ,ബാസിത് ഖാന്‍ ,സറീന ബഷീര്‍ ,രഹ്‌ന ആരിഫ് ,റിയ ഇഖ്‌ബാല്‍ ,ജബ്ബാര്‍ ,ഫൌസിയ വി എം ,ഹബീബ ഫൈസല്‍ ,ഖമറുന്നിസ,അസ്‌മ അബ്‌ദുല്ല ,ശഹര്‍ബാന്‍ അസീസ്‌ ,സിദ്ദീഖ്‌ , ശബീബ്‌ ,ഇസ്മാഈല്‍.ഇ, അസൂറ ജുനൈദ് ,സലീന സുധീര്‍, റഫീഖ് മേച്ചേരി തുടങ്ങിയ പ്രവര്‍ത്തകരെ ഇവിടെ സ്‌മരിക്കാതിരിക്കാന്‍ കഴിയില്ല. ഫഹീമ അബ്‌ദുല്‍ ജലീല്‍, ശിബില, നസ്‌നീന്‍ എന്നിവരുടെ സേവനവും സ്‌തുത്യര്‍ഹമായിരുന്നു.

ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ ആക്‌ടിങ് പ്രസിഡന്റ് സുബൈര്‍ അബ്‌ദുല്ല, ജനറല്‍ സിക്രട്ടറി വി.ടി ഫൈസല്‍, മുഹിയദ്ദീന്‍ എന്‍ കെ,മുഹമ്മദ്‌ ഖുതുബ്‌ , റഷീദ്‌ അഹമ്മദ്‌ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബാലോത്സവം 2010 സംഘാടക സമിതി അംഗങ്ങളായ അബ്ദുല്‍ ലത്തീഫ് വി.പി, അബ്‌ദുല്‍ ജലീല്‍ എം എം ,അബ്‌ദുല്‍ അസീസ്‌ വി.എ, അബുല്ലൈസ്‌ തുടങ്ങിയവരുടെ പാഠവം തെളിയിച്ച ബാലോത്സവത്തിന്റെ കൊടിയിറങ്ങുമ്പോള്‍ സംഘാടകരുടെ ചുണ്ടില്‍ ദൈവ സ്‌തുതി. അല്‍ഹംദുലില്ലാഹ്.

സീഷോര്‍ ഗ്രൂപ്പ് സഹ പ്രായോചകരായ ബാലോത്സവം 2010 പരിമിതികള്‍ക്കുള്ളില്‍ നിന്ന്‌ പരമാവധി പ്രവര്‍ത്തികാനുള്ള എളിയ ശ്രമങ്ങളില്‍ പോരായ്‌മകള്‍ സംഭവിചിട്ടുണ്ടങ്കിലും അവ നികത്തി കൂടുതല്‍ മികച്ച പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് നീങ്ങാനുള്ള സംഘാടക സമിതിയുടെ വാക്കുകളെ നമുക്ക് വിശ്വസിക്കാം.

അടുത്ത വര്‍ഷത്തെ വേനലവധിയിലെ ബാലോത്സവത്തിന്റെ മുട്ടും വിളിയും മനസ്സില്‍ താലോലിച്ചായിരിക്കണം മലര്‍വാടി ബാലോത്സവ വേദിയില്‍ നിന്നും കുരുന്ന്‌ പ്രതിഭകള്‍ രക്ഷിതാക്കളോടൊപ്പം പടിയിറങ്ങിയത്.
***************************

അസീസ്‌ മഞ്ഞിയില്‍